ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്ര്‌ത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് ‘വിമുക്തി’. ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സര്‍ക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ.

ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി മുന്നോട്ട് വെയ്ക്കുന്ന പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥികളിലും, യുവതലമുറയിലും, പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കര്‍മ്മ പരിപാടികള്‍ എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്നു. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിമുക്തിയുടെ പ്രവര്‍്ത്തനങ്ങള്‍ എക്‌സൈസ് വകുപ്പ് വിജയകരമായി നടപ്പിലാക്കുന്നത്. വിമുക്തിയുടെ കീഴില്‍ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകള്‍, സ്റ്റൂഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മകള്‍ എന്നിവയിലൂടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിമുക്തി മിഷന്‍ ലഹരിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി ചെയര്‍മാനും എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡിക്കാണ് അപെക്‌സ് ലെവല്‍ പ്രവര്‍ത്തനം. നികുതി വിഭാഗം അഢീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായും, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ധനകാര്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്ം, ട്രേഡ്, എസ് സി/എസ് ടി, മത്സ്യബന്ധന വകുപ്പ് എന്നിവയുടെ മന്ത്രിമാര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു. ചീഫ് സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്, കലാ, കായിക, സാംസ്‌കാരിക വിഭാഗങ്ങളിലെ പ്രമുഖരും ഗവേണിംഗ് ബോഡി അംഗങ്ങളാണ്.

വിമുക്തിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ, വാര്‍ഡ്, പഞ്ചായത്ത്, ലോക്കല്‍ സെല്‍ഫ് ഗവെണ്‍മെന്റ് തലങ്ങളില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. വിമുക്തിയുടെ കീഴില്‍ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ മേഖലാ കൗണ്‍സിലിംഗ് സെന്ററുകളും വിമുക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ലഹരി വിരുദ്ധ പ്രതിജ്ഞ